Saturday, December 5, 2015

ലോക്കോപൈലറ്റ്

തീവണ്ടി നല്ല വേഗത്തിലായിരുന്നു.
അതേ സമയം, വണ്ടിക്കുള്ളില്‍
ഞാനും മകനും തമ്മില്‍
തീവണ്ടിയോട്ടുന്നവന്‍ ഡ്രൈവെര്‍ ആണോ
പൈലറ്റ്‌ ആണോ എന്ന കാര്യത്തില്‍
അതിഭീകരമായ തര്‍ക്കം നടക്കുകയായിരുന്നു.
വിടവുള്ള മുൻവരിയിൽ നിന്നും 'ഡൈവര്‍'
പുറത്തു ചാടുമ്പോള്‍ അവനും ഞാനും
ചിരി തുടങ്ങും.
പൈലറ്റ്‌ തന്നെ - ഞാനും വിട്ടുകൊടുത്തില്ല.
അടുത്തിരിക്കുന്നവര്‍ ഞങ്ങളെ നോക്കി
ചിരി തുടങ്ങിയിരുന്നു.
പുറത്ത് ഏതെങ്കിലും വണ്ടി ഓടുന്നത് കണ്ടാല്‍
'അച്ചനെന്തൊരു മന്ദനാ' എന്ന്
അവന്‍ ചിരിക്കും.
ഞങ്ങളും ബോഗിയും മുഴുവന്‍ തീവണ്ടിയും
ചിരിയാവും.
ഏതോ പാലം കടക്കുമ്പോള്‍ ,
തീവണ്ടിയോട്ടുന്നവൻ
ലോക്കോപൈലറ്റ് എന്ന് ആര്‍ക്കോ
വെളിപാടുണ്ടായി.
പകുതി ശരിയായതിന്റെ സന്തോഷത്തില്‍
ഞാന്‍ ചിരിച്ചു.
മകന്‍ കരഞ്ഞു.
തീവണ്ടി കരഞ്ഞുകൊണ്ട്
ഒരു തുരങ്കത്തിലേക്ക് നീങ്ങി.

ഞങ്ങളുടെ തീവണ്ടിയില്‍
ലോക്കൊപൈലറ്റ്  ഉണ്ടായിരുന്നില്ല.
എന്തിനേറെ പറയുന്നു,
വണ്ടിയോടാന്‍ റെയിലുകള്‍ പോലും ഉണ്ടായിരുന്നില്ല.
397 ബോഗികളുള്ള ആ
വലിയ തീവണ്ടിയില്‍
ഞാനും മകനും തനിച്ചായിപ്പോയി.
ഇരുണ്ട തുരങ്കത്തില്‍
വണ്ടി അനക്കമില്ലാതെ കിടന്നു.
  

Friday, May 22, 2015

അൾഷിമേഴ്സ്.

ഈ ചാരുകസേരയ്ക്കത്ര
ബലം പോരാ.
താത്വികമായ ചില കാര്യങ്ങളൊക്കെ
പറഞ്ഞുവരുമ്പോൾ
ഒടിയുമോ ഒടിയുമോ എന്ന പേടി നന്നല്ല.

ഓർമ്മയുണ്ടോ എന്ന ചോദ്യത്തിന് പോലും
മറുപടി പറയാൻ
ഓർമ്മയില്ലാത്ത അവസ്ഥയാണത്.
അപ്പോൾ മനസ്സിനുള്ളിൻ
അവശേഷിക്കുന്നത് രണ്ടു ചിന്തകളാണ്.

വിചാരിക്കുന്ന പോലെ
അത്ര മോശമൊന്നുമല്ല.
മറന്നുപോകാത്ത പലതും
മറന്നുപോയപോലെയിരിക്കാം.
കടം കൊണ്ട പണത്തെപ്പറ്റി
മിണ്ടാതിരിക്കാം.
പണയം വച്ച പണ്ടങ്ങൾ
ചാവുന്നതിനു മുൻപെങ്കിലും
തിരിച്ചെടുത്തു തരുമോ എന്ന
ചോദ്യത്തിന്,
നീയാരായിരുന്നു എന്ന് മറുചോദ്യം ചോദിക്കാം.

ഒരർത്ഥത്തിൽ
ഏറ്റവും നല്ല രോഗം ഇതു തന്നെയാണ്.
പക്ഷേ മനസ്സിൽ കിടന്നു കളിക്കുന്ന
ആ രണ്ടു ചിന്തകളുണ്ടല്ലോ,.
അതാണ് പ്രശ്നമുണ്ടാക്കുക.

ഒന്നാമത്തേത്
ഞാൻ ആദ്യമേ മറന്നു,
രണ്ടാമത്തേത്
എന്തായിരുന്നോ ആവോ?

Monday, December 8, 2014

ജനാലക്കമ്പികളിൽ തൂങ്ങിമരിച്ച അക്ഷരങ്ങൾക്ക്...

പണ്ടു പണ്ട്
ദിനോസറുകൾക്കും മുൻപ്,
കൂമൻ‌കാവിൽ നടക്കാനിറങ്ങിയ
രണ്ടു ബിന്ദുക്കളിലൊന്ന്
എന്റെ ജനാലക്കമ്പിയിൽ കയറിട്ട്
തൂങ്ങിമരിച്ചു.

എന്റെ ജനൽ,
ദൂരെ നിന്ന് നോക്കുമ്പോൾ 
ഒരു പുസ്തകം പോലെ തോന്നുന്നു.
ഏതോ വരികൾക്ക് തലവച്ച്
ചാവാൻ വന്നതായിരിക്കണം.
പാവം, വഴി മാറിപ്പോയി.

എനിക്ക്
പ്രിയപ്പെട്ടതായിരുന്നു ആ ജനൽ.
മാക്സിം ഗോർക്കി, ആസൂഹനിൽ നിന്നും നീഷ്നിയിലേക്ക്
വളഞ്ഞു പുളഞ്ഞു സഞ്ചരിച്ചതും,
മാർക്കേസിനെ വഹിച്ച ശവപേടകം
ഉരുണ്ടുരുണ്ട് വടക്കോട്ട് നീങ്ങിയതും,
എന്റെ പൂച്ചക്കുട്ടിയെ ഇടിച്ചുകൊന്ന 
ടിപ്പറിന് തീപ്പിടിച്ചതും കണ്ടത്,
ദാ ഈ ജനലിലൂടെയാണ്.

എന്തു പറഞ്ഞിട്ടെന്താണ്..

ഇപ്പോൾ ഇതിലൂടെ നോക്കുമ്പോൾ
കുറേ അക്ഷരങ്ങളെ മാത്രമേ കാണുന്നുള്ളൂ.
അതിനിടയിൽക്കൂടി
തൂങ്ങിമരിച്ച ചേച്ചിയെ തേടി
അനിയത്തി കരഞ്ഞ് നടക്കുന്നുണ്ട്.

എന്റെ ജനലിനുള്ളിൽ
ഒരു ലോകമുണ്ട്.
ജനലിനു പുറത്ത് 
മൂന്ന് ലോകങ്ങൾ കോട്ടുവായിട്ട് 
നിൽക്കുന്നുമുണ്ട്.

പാമ്പുകടിക്ക് കാത്തുനിൽക്കാൻ 
സമയമില്ല.
എനിക്കിപ്പോൾ മരിക്കണം.
നെഞ്ചത്തേക്ക് ഒരു 
കെ എസ് ആർ ടി സി ഉരുട്ടിക്കയട്ടിയാലും
വേണ്ടില്ല.
എനിക്കിപ്പോൾ മരിക്കണം.

വലിച്ചു കുഴിച്ചിടാൻ വരുന്നവർ
ദയവായി
ആ ജനലൊന്നടയ്ക്കണം.
(മുഖത്ത് വെയിലടിക്കുന്നു..)


Monday, March 31, 2014

പിൻ‌വലിപ്പ്

രണ്ടുപേർക്കു മാത്രം ഒരു സമയം നടന്നുപോകാൻ പറ്റുന്ന
ഇടുങ്ങിയ തോട്ടുവരമ്പത്തൂടെ
ഞാൻ പിന്നിലേക്കു നടന്നു.

ഇടത്തേക്കൊരിത്തിരി മാറിയാൽ 
തോട്ടിലേക്കു വീഴില്ലേ എന്നും
വലത്തോട്ടൊരിത്തിരി മാറിയാൽ
പാടത്തേക്കു വീഴില്ലേ എന്നും
ആലോചിച്ചു.

ഉടനേ തന്നെ 
ആ ആലോചന പിൻ‌വലിച്ചു.

പിന്നിലേക്കു നടന്നു പോകുമ്പോൾ
പിന്നിൽ നിന്നും കേട്ട ശബ്ദം
ഒരു പൂച്ചക്കുട്ടിയുടേതല്ലേ എന്നും

ആലോചിച്ചു തെറ്റിപ്പോകാനിടയുള്ള
ഇത്തരം ആലോചനകളെ
എന്തിന് ഒപ്പം കൂട്ടുന്നുവെന്നും ചിന്തിച്ച്

ആ ആലോചനയും പിൻ‌വലിച്ച് 
പിന്നിലേക്കു നടക്കുന്നു.

ഇടക്കാലത്ത്
കൃഷിക്കാർ
എള്ളും പയറും നട്ടിരിക്കുന്നത്
പിന്നിലേക്കു നടക്കുമ്പോഴും കണ്ടു.

അതെല്ലാം കഞ്ചാവു ചെടികൾ
ആയിരുന്നെങ്കിലോ എന്ന്
അല്ലെങ്കിൽ
പകുതിയെങ്കിലും ആയിരുന്നെങ്കിലോ,
പോട്ടെ-ഒന്നെങ്കിലും ആയിരുന്നെങ്കിലോ
എന്നാലോചിച്ച്

ഒരിക്കലും നടക്കാനിടയില്ലാത്ത 
ഇത്തരം ആലോചനകൾക്ക്
എന്തിനാണ് മനസ്സിൽ സ്ഥലമെന്ന് ചിന്തിച്ച്
ആ ആലോചനയും പിൻ‌വലിച്ച്

രണ്ടുപേർക്കു മാത്രം 
ഒരു സമയം നടന്നുപോകാവുന്ന 
തോട്ടുവരമ്പത്തൂടെ പുറകിലേക്ക്
നടന്നുപോകുന്നു.

കാലുതെറ്റിയാൽ 
എങ്ങോട്ടു വീഴും-എന്ന പോലത്തെ
ഓട്ടിസം ബാധിച്ച ആലോചനയെ 
ഗർഭത്തിൽ വെച്ചുതന്നെ 
നമ്മൾ കലക്കിക്കളഞ്ഞിരുന്നല്ലോ അല്ലേ?

പിൻ‌വലിച്ച് പിൻ‌വലിച്ച്
എനിക്കിപ്പോൾ
യാതൊരു ഭയവുമില്ലാതെ നടക്കാം.
മൂങ്ങയേക്കാൾ വിദഗ്ധമായി 
പിന്നിലേക്കു തിരിക്കാം.

പിൻ‌വലിച്ച് പിൻ‌വലിച്ച്
എന്റെ നട്ടെല്ല്
വാരിയെല്ലായി.

വാരിയെല്ല്
നട്ടെല്ലും.Tuesday, March 11, 2014

പന്തയം

മൈതാനത്തിന്റെ അതിരിൽ
കുപ്പായമൂരിയിട്ട് ഡാൻസുകളിക്കുന്ന
ചിയർഗേൾസുകളാണ് തന്റെ
ആകാശം
എന്നു കരുതിയിരിപ്പായിട്ട്
കുറച്ചായി.
മടുപ്പിന്റെ അനന്തമായ
സ്ട്രാറ്റെജിക് ടൈമൌട്ടുകളിൽ
ടീവിയോഫാക്കി
ഇന്നു വൈകീട്ട് വരേണ്ടെന്ന്
കൂട്ടുകാരോട് വിളിച്ചുപറഞ്ഞ്
ലോകം മൊത്തം പരന്നൊഴുകണമെന്ന്
ചിന്തിക്കാഞ്ഞിട്ടല്ല.
പറ്റില്ലല്ലോ.

ടീവിയിൽ നിന്നു ഫ്രിഡ്ജിലേക്കും
ഫ്രിഡ്ജിൽ നിന്നും വാഷ്ബേസിനിലേക്കും
അവിടെനിന്ന് കക്കൂസിലേക്കും
മാത്രം നിർമ്മിച്ചിരിക്കുന്ന
എന്റെ എൻ.എച്ച് 213
രാത്രിയോ പകലോ എന്നില്ലാതെ
എല്ലാ സമയവും വിജനമാണ്.
ആത്മഹത്യ ചെയ്യാൻ പോലും
അങ്ങോട്ടേക്കാരും വരാറില്ല.

വാതിൽ ഉള്ളിൽനിന്നും പൂട്ടി
ചാവി താഴേക്കു വലിച്ചെറിഞ്ഞു.
സിംകാർഡൂരി പൊട്ടിച്ച്
ചായയിലിട്ടു.
ചായ,വാഷ്ബേസിനിൽ ഒഴിച്ചു.
വാഷ്ബേസിനിൽ നിന്നും
സിംകാർഡെടുത്ത് കൈയ്യിലിട്ട് ഞെരിച്ചു.
വായിലിട്ട് കടിച്ചു.
ഒരു അജീവീയഘടകത്തെ
ഇനിയും ദ്രോഹിക്കുന്നത്
അർത്ഥശൂന്യമാണെന്നറിഞ്ഞ നിമിഷം
അത് ജനലിലൂടെ വലിച്ചെറിഞ്ഞു.
എല്ലാറ്റിലും കുറ്റബോധം തോന്നുന്നുണ്ട്.

പന്തയത്തിന്റെ അവസാനദിവസം
ഞാനെങ്ങനെ
ഈ അടച്ച വാതിലിലൂടെ
പുറത്തേക്കോടും?

ഹോളിഡെയ്സ്

ലിച്ചുനിർത്തിയ
തെറ്റാലിയെ
പൂർവസ്ഥിതിയിലാക്കാൻ 
പാടുപെട്ട കുഞ്ഞിവിരലുകൾ,
ഉപ്പും മുളകും
മാങ്ങയും തമ്മിലുള്ള
അംശബന്ധത്തെപ്പറ്റി
ഒരു റിസെർച്ചിന്
തന്റെ ഒഴിവുദിവസങ്ങൾ 
മാറ്റിവെക്കുന്നു.
കുഞ്ഞിക്കിളിയുടെ
തല തൊട്ടുരുമ്മിയും
കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നും
നീലാകാശത്തെ തൊടാൻ
കുതിച്ചുപൊങ്ങിയും
ഒടുവിലത് സാധ്യമല്ലെന്നറിഞ്ഞ്
താഴെ
ചരൽക്കുന്നുകളിൽ തലതല്ലിച്ചത്തും
അവന്റെ കല്ലുകൾ.

നിലവിളിയോളമെത്തി നിൽക്കുന്ന
അവന്റെ നിരാശയുടെ അറ്റത്താണ്
കല്ല്
ഒരു മാങ്ങ വീഴ്ത്തുന്നത്.
ചിലപ്പോളത് മറ്റാരുടെയെങ്കിലും
കല്ലുകളുമാവാം.

ഒരു കാറ്റടിച്ചാൽ വീഴും
എന്ന നിലയിൽ
ഇത്തിക്കണ്ണി തിന്ന
പറമ്പുകളിലെ
പൊടുണ്ണിയിലകൾ മാത്രം
എല്ലാത്തിനും സാക്ഷിയായി.

അവറ്റകളെ കഴുത്തൊടിച്ച്
ഉപ്പും മുളകും പുരട്ടി
മാങ്ങകൊണ്ടിടിച്ച് നമ്മൾ
ശിക്ഷിക്കുന്നു.
ഇനി എവിടെപ്പോയി
അവൻ സാക്ഷിപറയും എന്നൊന്ന് കാണണമല്ലോ!

എല്ലാപറമ്പുകളും
നമ്മടെ സ്വന്തം പറമ്പായി കരുതിയാൽ മതി
എന്ന തമാശയെ
ഈ മാവിലുപേക്ഷിച്ചിട്ടായിരിക്കണം
നമ്മളെല്ലാവരും വലുതായത്.

ചുന വീണുകറുത്ത
എന്റെ കുഞ്ഞിഷർട്ടുകൾ
കത്തിച്ചു കളയുന്നു.
..

Wednesday, February 12, 2014

ഏട്ടിലെ പശു പുല്ലു തിന്നില്ല എന്ന് ആരാണ് പറഞ്ഞത്..?

ഏട്ടിലെ പശു
പുല്ലു തിന്നുന്നില്ല.
എന്തു സംഭവിച്ചാലും.
പോയിപ്പോയി
ഒബാമയുണ്ടല്ലോ
(നമ്മടെ ഇംഗ്ലണ്ടിന്റെ പ്രസിഡന്റ്.)
മൂപ്പരു വരെ പുല്ലു തിന്നെന്നു
വരും,
പക്ഷേ അപ്പുക്കുട്ടന്റെ
ഏട്ടിലെ പശു 
പുല്ലു തിന്നുന്നില്ല.

അപ്പുക്കുട്ടന്റെ അമ്മ
ശർക്കരയെടുത്ത് വന്നു.
കൊഞ്ചിച്ചു നോക്കി.
പക്ഷേ എന്തു ചെയ്തിട്ടും 
അപ്പുക്കുട്ടന്റെ ഏട്ടിലെ പശു 
പുല്ലു തിന്നുന്നില്ല.

അപ്പുക്കുട്ടന്റെ അച്ഛൻ 
കണ്ണുരുട്ടിക്കാണിച്ചു.
പേടിപ്പിച്ചു നോക്കി.
എന്നിട്ടും ഏട്ടിലെ പശു 
പുല്ലു തിന്നുന്നില്ല .

മൂന്നാലു പോത്തുകളുടെയും 
അഞ്ചെട്ടു കാളകളുടെയും
ഉടമയായ 
പരമേശ്വരണ്ണൻ
മുളങ്കോല് കൊണ്ട്
അടിച്ചു നോക്കി.
വീണ്ടും വീണ്ടും അടിച്ചുനോക്കി.
എന്തെല്ലാം എന്തെല്ലാം 
ചെയ്തിട്ടും 
അപ്പുക്കുട്ടന്റെ പശു
പുല്ലു തിന്നുന്നില്ല.-

വിവരമറിഞ്ഞ്
എല്ലാവരും വന്നു.
എല്ലാവരും ഓടി വന്നു.
എല്ലാവരും ചാടി വന്നു.
എല്ലാവരും നടന്നു വന്നു.
എല്ലാവരും ചാടിയും ഓടിയും നടന്നും വന്നു.
അമ്മയും അച്ഛനും പരമേശ്വരണ്ണനും ചെയ്തതെല്ലാം 
ഓടിയും ചാടിയും നടന്നും വന്ന 
എല്ലാവരും ചെയ്തു.

പേടിച്ചു പോയ പശു 
പൊതിപ്പിനുള്ളിലേക്ക് കയറിപ്പോയി.
നെയിം സ്ലിപ്പിൽ ഒരു 
തുളയുണ്ടാക്കി അത് 
അന്തരീക്ഷം നിരീക്ഷിച്ചു.
ആരും പോയിട്ടില്ലെന്ന് മനസ്സിലാക്കിയ അത് 
പൊതിപ്പിനുള്ളിലേക്ക്
ഒരു ആമയെ അനുസ്മരിപ്പിക്കും വിധം 
നൂണ്ടുകളഞ്ഞു.

എല്ലാവർക്കും ദേഷ്യമായി.
എല്ലാവർക്കും ദേഷ്യമായത് കണ്ടപ്പോൾ 
അപ്പുക്കുട്ടന് സങ്കടമായി.
പശുക്കുട്ടിയെ തല്ലാനോങ്ങിയ 
വികൃതിവടികളെ അവൻ എതിരേറ്റു.
അപ്പുക്കുട്ടന്റെ സങ്കടം കണ്ട്
അപ്പുക്കുട്ടന്റെ  പശുക്കുട്ടിക്കും 
സങ്കടമായി.

അത് പതുക്കെ 
പൊതിപ്പിനുള്ളിൽ നിന്നിറങ്ങി 
മുന്നിൽ വച്ചിരുന്ന പുല്ലു തിന്നു.
ഓടിയും നടന്നും ചാടിയും വന്ന
എല്ലാവരും ഇതുകണ്ട്  സംതൃപ്തിയടഞ്ഞ്
പോയിത്തുടങ്ങി.
അവർ അവരുടെ ചിരിയേയും 
മൂക്കുകയറിട്ട് പിടിച്ചു വലിച്ചു കൊണ്ടുപോയി.
അപ്പുക്കുട്ടന്റെയും 
അവന്റെ പശുക്കുട്ടിയുടേയും സങ്കടം,
അവരുടെ പിന്നാലെ 
കുറച്ചുനേരം ഓടിനോക്കിയെങ്കിലും 
കാലു കടഞ്ഞപ്പോൾ നിന്നു.

അങ്ങനെയാണ് 
അപ്പുക്കുട്ടൻ അവന്റെ 
മലയാളം പുസ്തകത്തിന്റെ 
എറ്റവും പിന്നിലത്തെ പേജിൽ 
വരച്ച പുള്ളിപ്പശുക്കുട്ടി
നേരം തെറ്റാതെ നിത്യവും 
രാവിലെയും വൈകുന്നേരവും 
പുല്ലുതിന്നാൻ തുടങ്ങിയത്.

NB:ഇനി മനസ്സിലായില്ലെന്നും പറഞ്ഞ്
       ഇങ്ങോട്ടു വന്നു പോകരുത്.   :)

Wednesday, January 8, 2014

ആകാശസിദ്ധാന്തീയം.

ആകാശത്തിന്റെ അരികുകളിൽനിന്നും
ഇത്തിരി പക്ഷികൾ
പാറിവരുന്നുണ്ട്.
പ്രത്യക്ഷത്തിൽ
അവ മാലാഖകളാണെന്നു തോന്നാമെങ്കിലും
അവ
പക്ഷികൾ മാത്രമാണ്.

ആകാശത്തിന്റെ
വലത്തേ
അരികുകളിൽനിന്നും
വീണ്ടും
ഇത്തിരി പക്ഷികൾ
പാറിവരുന്നുണ്ട്.
പ്രത്യക്ഷത്തിൽ അവ
പക്ഷികളാണെന്നു
തോന്നാമെങ്കിലും
വാസ്തവത്തിൽ അത്
എയർ ഇന്ത്യാവിമാനത്തിന്റെ
ഛർദ്ദിയാണ്.
തളർച്ചയുണ്ടെങ്കിൽ
പറക്കണ്ട
എന്നു ഞാൻ
പറഞ്ഞതാണ്.
കേട്ടില്ല.
അനുഭവിക്കട്ടെ.

താഴെ
മാളങ്ങളിൽനിന്ന്
കുറേ
ഈയാമ്പാറ്റകൾ
ഉയർന്നുപൊങ്ങുന്നുണ്ട്.
ഛെ!ഞാൻ
വീണ്ടും തെറ്റിച്ചു.
അവ
ഈയാമ്പാറ്റകളാണെന്ന്
നിങ്ങൾ വിചാരിച്ചാൽ
കുറ്റം പറയാൻ
പറ്റില്ല.
പക്ഷേ
അത്
ആത്മഹത്യാമുനമ്പിലേക്ക്
എത്തിനോക്കുന്ന
കുറേ
കമിതാക്കളുടെ ആത്മാവുകളാണ്.

അന്തരീക്ഷത്തിന്റെ
ഒത്തനടുക്ക്
എന്നു പറയാൻ
പറ്റില്ലെങ്കിലും
ഒരു പകുതി നടുക്കായ
സ്ട്രാറ്റോസ്ഫിയറിലൂടെ
വിമാനം
പറത്തുന്ന
ഒരു
ഭ്രാന്തൻ പൈലറ്റിന്റെ
പൊട്ടത്തരങ്ങളെ
ആകാശസിദ്ധാന്തീയം
എന്നു വിളിക്കാനാണ്
നിങ്ങൾക്കിഷ്ടമെങ്കിൽ
(എനിക്കറിയാം,
നിങ്ങൾക്ക്
അങ്ങനെ
വിളിക്കാൻ തന്നെയാണ്
ഇഷ്ടം. അല്ലേ..?)
ഈ ജല്പനങ്ങളെ
നിങ്ങൾക്കങ്ങനെതന്നെ
വിളിക്കാം.

Thursday, January 2, 2014

മറ

നിഴലടിക്കാത്ത ജീവിതം,
നിഴലടിക്കുന്ന ജീവിതത്തോട്
ചോദിച്ചു.


“നിനക്ക്
  ഇതിനൊക്കെ
  ലൈനിങ്ങ്
  വെപ്പിച്ചുകൂടേ?”

Monday, December 30, 2013

ശവരുചികളുടെ പാചകശാസ്ത്രം

ഇടിഞ്ഞുപൊളിഞ്ഞ
ലോകത്തെ
നമുക്കെല്ലാവർക്കും
ചേർന്ന്
കെട്ടിപ്പടുക്കണം
എന്നു പറഞ്ഞ
നേതാവിനടുത്തേക്ക്
വാർക്കക്കമ്പിയും
അൾട്രാടെക്ക്
സിമന്റിന്റെ
ചാക്കുമായി
പോയവന്റെ
ശവം
പുഴമീൻ കൊത്തി.

ഈ വിവരം
ഒന്നുമറിയാതെ
മീൻകാരൻ
ആ മീനുകളെ
ചൂണ്ടയിട്ടു

അത്
മരിച്ചുപോയ
പണിക്കാരന്റെ
മകൾ
മീനൊന്നിന്നു
അരരൂപ വെച്ച്
വാങ്ങി
വറുക്കുകയും
കറിവയ്ക്കുകയും
ചെയ്തു.

അച്ഛന്റെ
ശവം
തിന്നുമ്പോൾ
മക്കളും,
ഭർത്താവിന്റെ
ശവം
തിന്നുമ്പോൾ
ഭാര്യയും
തിരിച്ചറിഞ്ഞു.
-അയാളുടെ
ശവത്തിന്
ഉപ്പു കൂടുതലും
മുളകു കുറവുമാണെന്ന്-