Saturday, December 5, 2015

ലോക്കോപൈലറ്റ്

തീവണ്ടി നല്ല വേഗത്തിലായിരുന്നു.
അതേ സമയം, വണ്ടിക്കുള്ളില്‍
ഞാനും മകനും തമ്മില്‍
തീവണ്ടിയോട്ടുന്നവന്‍ ഡ്രൈവെര്‍ ആണോ
പൈലറ്റ്‌ ആണോ എന്ന കാര്യത്തില്‍
അതിഭീകരമായ തര്‍ക്കം നടക്കുകയായിരുന്നു.
വിടവുള്ള മുൻവരിയിൽ നിന്നും 'ഡൈവര്‍'
പുറത്തു ചാടുമ്പോള്‍ അവനും ഞാനും
ചിരി തുടങ്ങും.
പൈലറ്റ്‌ തന്നെ - ഞാനും വിട്ടുകൊടുത്തില്ല.
അടുത്തിരിക്കുന്നവര്‍ ഞങ്ങളെ നോക്കി
ചിരി തുടങ്ങിയിരുന്നു.
പുറത്ത് ഏതെങ്കിലും വണ്ടി ഓടുന്നത് കണ്ടാല്‍
'അച്ചനെന്തൊരു മന്ദനാ' എന്ന്
അവന്‍ ചിരിക്കും.
ഞങ്ങളും ബോഗിയും മുഴുവന്‍ തീവണ്ടിയും
ചിരിയാവും.
ഏതോ പാലം കടക്കുമ്പോള്‍ ,
തീവണ്ടിയോട്ടുന്നവൻ
ലോക്കോപൈലറ്റ് എന്ന് ആര്‍ക്കോ
വെളിപാടുണ്ടായി.
പകുതി ശരിയായതിന്റെ സന്തോഷത്തില്‍
ഞാന്‍ ചിരിച്ചു.
മകന്‍ കരഞ്ഞു.
തീവണ്ടി കരഞ്ഞുകൊണ്ട്
ഒരു തുരങ്കത്തിലേക്ക് നീങ്ങി.

ഞങ്ങളുടെ തീവണ്ടിയില്‍
ലോക്കൊപൈലറ്റ്  ഉണ്ടായിരുന്നില്ല.
എന്തിനേറെ പറയുന്നു,
വണ്ടിയോടാന്‍ റെയിലുകള്‍ പോലും ഉണ്ടായിരുന്നില്ല.
397 ബോഗികളുള്ള ആ
വലിയ തീവണ്ടിയില്‍
ഞാനും മകനും തനിച്ചായിപ്പോയി.
ഇരുണ്ട തുരങ്കത്തില്‍
വണ്ടി അനക്കമില്ലാതെ കിടന്നു.