Monday, March 31, 2014

പിൻ‌വലിപ്പ്

രണ്ടുപേർക്കു മാത്രം ഒരു സമയം നടന്നുപോകാൻ പറ്റുന്ന
ഇടുങ്ങിയ തോട്ടുവരമ്പത്തൂടെ
ഞാൻ പിന്നിലേക്കു നടന്നു.

ഇടത്തേക്കൊരിത്തിരി മാറിയാൽ 
തോട്ടിലേക്കു വീഴില്ലേ എന്നും
വലത്തോട്ടൊരിത്തിരി മാറിയാൽ
പാടത്തേക്കു വീഴില്ലേ എന്നും
ആലോചിച്ചു.

ഉടനേ തന്നെ 
ആ ആലോചന പിൻ‌വലിച്ചു.

പിന്നിലേക്കു നടന്നു പോകുമ്പോൾ
പിന്നിൽ നിന്നും കേട്ട ശബ്ദം
ഒരു പൂച്ചക്കുട്ടിയുടേതല്ലേ എന്നും

ആലോചിച്ചു തെറ്റിപ്പോകാനിടയുള്ള
ഇത്തരം ആലോചനകളെ
എന്തിന് ഒപ്പം കൂട്ടുന്നുവെന്നും ചിന്തിച്ച്

ആ ആലോചനയും പിൻ‌വലിച്ച് 
പിന്നിലേക്കു നടക്കുന്നു.

ഇടക്കാലത്ത്
കൃഷിക്കാർ
എള്ളും പയറും നട്ടിരിക്കുന്നത്
പിന്നിലേക്കു നടക്കുമ്പോഴും കണ്ടു.

അതെല്ലാം കഞ്ചാവു ചെടികൾ
ആയിരുന്നെങ്കിലോ എന്ന്
അല്ലെങ്കിൽ
പകുതിയെങ്കിലും ആയിരുന്നെങ്കിലോ,
പോട്ടെ-ഒന്നെങ്കിലും ആയിരുന്നെങ്കിലോ
എന്നാലോചിച്ച്

ഒരിക്കലും നടക്കാനിടയില്ലാത്ത 
ഇത്തരം ആലോചനകൾക്ക്
എന്തിനാണ് മനസ്സിൽ സ്ഥലമെന്ന് ചിന്തിച്ച്
ആ ആലോചനയും പിൻ‌വലിച്ച്

രണ്ടുപേർക്കു മാത്രം 
ഒരു സമയം നടന്നുപോകാവുന്ന 
തോട്ടുവരമ്പത്തൂടെ പുറകിലേക്ക്
നടന്നുപോകുന്നു.

കാലുതെറ്റിയാൽ 
എങ്ങോട്ടു വീഴും-എന്ന പോലത്തെ
ഓട്ടിസം ബാധിച്ച ആലോചനയെ 
ഗർഭത്തിൽ വെച്ചുതന്നെ 
നമ്മൾ കലക്കിക്കളഞ്ഞിരുന്നല്ലോ അല്ലേ?

പിൻ‌വലിച്ച് പിൻ‌വലിച്ച്
എനിക്കിപ്പോൾ
യാതൊരു ഭയവുമില്ലാതെ നടക്കാം.
മൂങ്ങയേക്കാൾ വിദഗ്ധമായി 
പിന്നിലേക്കു തിരിക്കാം.

പിൻ‌വലിച്ച് പിൻ‌വലിച്ച്
എന്റെ നട്ടെല്ല്
വാരിയെല്ലായി.

വാരിയെല്ല്
നട്ടെല്ലും.