Monday, December 8, 2014

ജനാലക്കമ്പികളിൽ തൂങ്ങിമരിച്ച അക്ഷരങ്ങൾക്ക്...

പണ്ടു പണ്ട്
ദിനോസറുകൾക്കും മുൻപ്,
കൂമൻ‌കാവിൽ നടക്കാനിറങ്ങിയ
രണ്ടു ബിന്ദുക്കളിലൊന്ന്
എന്റെ ജനാലക്കമ്പിയിൽ കയറിട്ട്
തൂങ്ങിമരിച്ചു.

എന്റെ ജനൽ,
ദൂരെ നിന്ന് നോക്കുമ്പോൾ 
ഒരു പുസ്തകം പോലെ തോന്നുന്നു.
ഏതോ വരികൾക്ക് തലവച്ച്
ചാവാൻ വന്നതായിരിക്കണം.
പാവം, വഴി മാറിപ്പോയി.

എനിക്ക്
പ്രിയപ്പെട്ടതായിരുന്നു ആ ജനൽ.
മാക്സിം ഗോർക്കി, ആസൂഹനിൽ നിന്നും നീഷ്നിയിലേക്ക്
വളഞ്ഞു പുളഞ്ഞു സഞ്ചരിച്ചതും,
മാർക്കേസിനെ വഹിച്ച ശവപേടകം
ഉരുണ്ടുരുണ്ട് വടക്കോട്ട് നീങ്ങിയതും,
എന്റെ പൂച്ചക്കുട്ടിയെ ഇടിച്ചുകൊന്ന 
ടിപ്പറിന് തീപ്പിടിച്ചതും കണ്ടത്,
ദാ ഈ ജനലിലൂടെയാണ്.

എന്തു പറഞ്ഞിട്ടെന്താണ്..

ഇപ്പോൾ ഇതിലൂടെ നോക്കുമ്പോൾ
കുറേ അക്ഷരങ്ങളെ മാത്രമേ കാണുന്നുള്ളൂ.
അതിനിടയിൽക്കൂടി
തൂങ്ങിമരിച്ച ചേച്ചിയെ തേടി
അനിയത്തി കരഞ്ഞ് നടക്കുന്നുണ്ട്.

എന്റെ ജനലിനുള്ളിൽ
ഒരു ലോകമുണ്ട്.
ജനലിനു പുറത്ത് 
മൂന്ന് ലോകങ്ങൾ കോട്ടുവായിട്ട് 
നിൽക്കുന്നുമുണ്ട്.

പാമ്പുകടിക്ക് കാത്തുനിൽക്കാൻ 
സമയമില്ല.
എനിക്കിപ്പോൾ മരിക്കണം.
നെഞ്ചത്തേക്ക് ഒരു 
കെ എസ് ആർ ടി സി ഉരുട്ടിക്കയട്ടിയാലും
വേണ്ടില്ല.
എനിക്കിപ്പോൾ മരിക്കണം.

വലിച്ചു കുഴിച്ചിടാൻ വരുന്നവർ
ദയവായി
ആ ജനലൊന്നടയ്ക്കണം.
(മുഖത്ത് വെയിലടിക്കുന്നു..)