Tuesday, March 11, 2014

ഹോളിഡെയ്സ്

ലിച്ചുനിർത്തിയ
തെറ്റാലിയെ
പൂർവസ്ഥിതിയിലാക്കാൻ 
പാടുപെട്ട കുഞ്ഞിവിരലുകൾ,
ഉപ്പും മുളകും
മാങ്ങയും തമ്മിലുള്ള
അംശബന്ധത്തെപ്പറ്റി
ഒരു റിസെർച്ചിന്
തന്റെ ഒഴിവുദിവസങ്ങൾ 
മാറ്റിവെക്കുന്നു.
കുഞ്ഞിക്കിളിയുടെ
തല തൊട്ടുരുമ്മിയും
കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നും
നീലാകാശത്തെ തൊടാൻ
കുതിച്ചുപൊങ്ങിയും
ഒടുവിലത് സാധ്യമല്ലെന്നറിഞ്ഞ്
താഴെ
ചരൽക്കുന്നുകളിൽ തലതല്ലിച്ചത്തും
അവന്റെ കല്ലുകൾ.

നിലവിളിയോളമെത്തി നിൽക്കുന്ന
അവന്റെ നിരാശയുടെ അറ്റത്താണ്
കല്ല്
ഒരു മാങ്ങ വീഴ്ത്തുന്നത്.
ചിലപ്പോളത് മറ്റാരുടെയെങ്കിലും
കല്ലുകളുമാവാം.

ഒരു കാറ്റടിച്ചാൽ വീഴും
എന്ന നിലയിൽ
ഇത്തിക്കണ്ണി തിന്ന
പറമ്പുകളിലെ
പൊടുണ്ണിയിലകൾ മാത്രം
എല്ലാത്തിനും സാക്ഷിയായി.

അവറ്റകളെ കഴുത്തൊടിച്ച്
ഉപ്പും മുളകും പുരട്ടി
മാങ്ങകൊണ്ടിടിച്ച് നമ്മൾ
ശിക്ഷിക്കുന്നു.
ഇനി എവിടെപ്പോയി
അവൻ സാക്ഷിപറയും എന്നൊന്ന് കാണണമല്ലോ!

എല്ലാപറമ്പുകളും
നമ്മടെ സ്വന്തം പറമ്പായി കരുതിയാൽ മതി
എന്ന തമാശയെ
ഈ മാവിലുപേക്ഷിച്ചിട്ടായിരിക്കണം
നമ്മളെല്ലാവരും വലുതായത്.

ചുന വീണുകറുത്ത
എന്റെ കുഞ്ഞിഷർട്ടുകൾ
കത്തിച്ചു കളയുന്നു.
..