Saturday, December 21, 2013

ആഹാരശൃംഖലാജാലിക

തുന്നാരൻ കിളിയുടെ
ഊത നിറമുള്ള മുട്ട
കട്ടെടുത്തു തിന്നും
അണ്ണാരക്കണ്ണൻ.

അവനെ യാതൊരു
ദയയും കൂടാതെ
കടിച്ചു കുടഞ്ഞു കളിക്കും
കുറിഞ്ഞിപ്പൂച്ച.

അവളെ 
ഒരിക്കലും കാണാത്ത
ഒരു ലോകത്തിലേക്ക്
സിന്ദൂരം തൊടുവിച്ച്
ആനയിച്ചു കളയും
കൊടിച്ചിപ്പട്ടി.

കഴുത്തിൽ കുരുക്കിട്ട്
അതിനെയും
കുറിഞ്ഞിപ്പൂച്ച
പോയേടത്തേക്ക്
പറഞ്ഞയക്കുന്നു
നമ്മൾ മനുഷ്യർ.
" നമുക്കു മീതെ ഏതു തെണ്ടിയാടാ ഉള്ളത് ?
 ഒന്നുകാണട്ടെ"

കാട്ടിൽ
ചെന്നായയെ
കെണിവച്ച് പിടിച്ച്
വീരവാദം
മുഴക്കുന്ന
ഒരു
വൈൽഡ് ഫോട്ടോഗ്രാഫറുടെ
കൂസലില്ലായ്മയെ,

തീട്ടത്തിന്റെ കൂട്ടമായി മാറ്റി
ഈസിയായി
കോട്ടുവായിടുന്ന
സിംഹത്തിന്റെ
വായിലേക്ക്

ക്യാമറ

സൂം

ചെയ്തു.

ഹായ്!
എത്ര മഹത്തരം 
ആഹാരശൃംഖലാജാലിക.